കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും. 10 തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നടക്കുന്ന സമരം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടു. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം കാരണം മൂന്ന് ദിവസത്തെ നഷ്ടം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. ഈ മൂന്നു ദിവസത്തെ വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് ശമ്പളം നല്‍കാമെന്ന് മാനേജ്‌മെന്റ് കരുതിയത്. എന്നാല്‍ ഇനി ആ തുക കൂടി മാനേജ്‌മെന്റ് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. സമരവുമായി ഇനിയും മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.