India Kerala

അജാസിനെ ആരെങ്കിലും സഹായിച്ചോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനെ സഹായിക്കാൻ മറ്റൊരാൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ ആദ്യം നൽകിയ മൊഴിയിൽ ഈ കാര്യം പറഞ്ഞിരുന്നെങ്കിലും അന്വേഷണ സംഘം ഇത് രേഖപ്പെടുത്തിട്ടില്ലെന്ന് കണ്ടാണ് വള്ളികുന്നം സ്റ്റേഷനിൽ പരാതി എഴുതി നൽകിയത്. അജാസ് മരിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ സഹപ്രവർത്തകനായ അജാസ് കൊലപ്പെടുത്തിയത്. എറണാകുളത്തു നിന്നും കൃത്യത്തിനായി വള്ളിക്കുന്നത്തെത്തിയ അജാസിനൊപ്പം നീല ഷർട്ട് ധരിച്ച മറ്റൊരു യുവാവ് കൂടി ഉണ്ടായിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഈ വിവരം ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഈ വിവരം രേഖാമൂലം പൊലീസിനെ ധരിപ്പിച്ചതെന്ന് സൗമ്യയുടെ ഭർതൃസഹോദരൻ ഷാജി പറഞ്ഞു.

അജാസിൽ നിന്നും ചോദിച്ചറിയേണ്ട പല കാര്യങ്ങളും ബാക്കി നിൽക്കേയാണ് ബുധനാഴ്ച അജാസ് മരിച്ചത്. പെട്രോൾ എവിടെ നിന്നും വാങ്ങിയെന്നും എവിടെ നിന്നാണ് അജാസിന് ആയുധം ലഭിച്ചെതെന്നും കണ്ടെത്താൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അജാസ് മരണപ്പെട്ടങ്കിലും ഈ വിവരങ്ങൾ കണ്ടെത്തിയതിനു ശേഷമേ അന്വേഷണ നടപടികൾ പൂർത്തിയാക്കൂ എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.