ഇടുക്കിയില്‍ വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ്. റേഞ്ച് ഓഫിസർമാരാണ് നോട്ടിസ് അയച്ചത്. രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് റേഞ്ച് ഓഫിസർമാരുടെ നിർദേശം.
മരം മുറിച്ച കര്‍ഷകകര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്ക് മൂന്നാർ ഡിഫ്ഒ രണ്ടു തവണ കത്തയച്ചിരുന്നു. എന്നാൽ ഫോറസ്റ്റ് ഓഫിസർമാർ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുന്നത്. നേര്യമംഗലം റേഞ്ച് ഓഫിസർ അയച്ച കാരണം കാണിക്കൽ നോട്ടിസിന്റെ പകർപ്പ് 24ന് ലഭിച്ചു.
തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിച്ചു കടത്തിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് നഷ്ടപ്പെട്ട സര്‍ക്കാര്‍ മുതല്‍ തിരിച്ചു പിടിക്കുന്നതിനായി മരം മുറിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനം വകുപ്പ് ഉത്തരവ് ഇറക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ വനം കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. സ്വന്തം പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരംമുറിച്ച കര്‍ഷകനെ കേസില്‍ പ്രതിയാക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഉത്തരവ് നടപ്പായാൽ ഇടുക്കിയിൽ 500ലതികം കർഷകർ കേസിൽ പ്രതികളാകും.