കാലവര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ രണ്ടാം ദിവസവും മരണം. മങ്കുവ സ്വദേശി കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കുമളി വെള്ളാരംകുന്നില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ തകര്‍ന്നു. മുല്ലപ്പെരിയാറില്‍ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് ഏഴ് അടി ഉയര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 22 പേരടങ്ങുന്ന സംഘം ദേവികുളത്ത് ക്യാമ്പ് ചെയ്യുകയാണ്
ചിന്നാര്‍ മങ്കുവയില്‍ കമലവിലാസം വീട്ടില്‍ രാജന്‍പിള്ളയാണ് തോട്ടിലേക്ക് കാല്‍വഴുതി ഒഴുക്കില്‍ പെട്ട് മരിച്ചത്. ഉരുള്‍പൊട്ടല്‍ ഭീതിയെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടിലേക്ക് രാജന്‍പിള്ളയും കുടുംബവും താമസം മാറ്റി. ശേഷമാണ് അപകടമുണ്ടായത്. കുമളി വെള്ളാരംകുന്ന് ഡൈമുക്കിലാണ് ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായത്. വെള്ളാരംകുന്ന് സ്വദേശികളായ മോനച്ചന്‍, ജോര്‍ജ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് വീടുകള്‍ക്ക് ഭാഗികമായും നാശമുണ്ടായി.
കട്ടപ്പന മുളകരമേടിലാണ് മറ്റൊരു ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. മലവെള്ളപ്പാച്ചിലില്‍ മൂലമറ്റം കോട്ടമല റോഡിന്‍റെ ആശ്രമം ഭാഗം മുതലുള്ള റോഡ് ഒലിച്ചുപോയി. മൂന്നാറില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. കട്ടപ്പന കോട്ടയം പാതയിലെ ചപ്പാത്തില്‍ നിന്ന് വെള്ളം ഇറങ്ങി. ജില്ലയില്‍ ലോറേഞ്ച്, ഹൈറേഞ്ച് മേഖലകളില്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് ഏഴ് അടി വര്‍ധിച്ച് 121.2 ലെത്തി. ജില്ലയിലെ 19 ദുരിതാശ്വാസ ക്യാമ്പുകളില്‍ 800 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി സി രവീന്ദ്രനാഥ്, എം.പി ഡീന്‍കുര്യാകോസ്, എം.എല്‍.എമാര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്.