India Kerala

രാജകുമാരി പെരിയ കനാലിന് സമീപത്തെ മണ്ണിടിച്ചിലിന് കാരണം മലമുകളിലെ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍

ഇടുക്കി രാജകുമാരി പെരിയ കനാലിന് സമീപത്തെ മണ്ണിടിച്ചിലിന് കാരണം മലമുകളിലെ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍. വലിയ തോതിലുള്ള പാറഖനനം ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപകടഭീഷണിയെത്തുടര്‍ന്ന് മലയടിവാരത്തുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

രാജകുമാരി പഞ്ചായത്തിലെ ബി-ഡിവിഷന്‍ പെരിയകനാല്‍ പീക്കാട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭൂമി വിണ്ടുകീറി ഇടിഞ്ഞു താന്നത്. പെരിയകനാല്‍ മുതല്‍ ബി ഡിവിഷന്‍ വരെയുള്ള റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് ഇതിനുപിന്നിലെന്ന് നാട്ടുകാര്‍തന്നെ പരാതിപ്പെടുന്നു. റോഡ് നിര്‍മാണം ആരംഭിച്ചതുമുതല്‍ കഴിഞ്ഞ പ്രളയകാലത്തും ഇവിടെ ഭൂമി ഇടിഞ്ഞു താഴ്ന്നിരുന്നു.

തുടര്‍ന്ന് മുട്ടുകാട് പാട ശേഖരം ഉള്‍പെടെയുള്ള മേഖലകളില്‍ കല്ലും, മണ്ണും നിറഞ്ഞ അവസ്ഥയുണ്ടായി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന വലിയ തോതിലുള്ള പാറഖനനം ഇവിടെ ഭൂമിയെ ദുര്‍ബലമാക്കുന്നുവെന്ന് കാട്ടി നാട്ടുകാര്‍ നേരത്തെ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.