ഇടുക്കി ജില്ലയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ .അനര്‍ഹരായവര്‍ക്ക് തുക നല്കാന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സി.പി.ഐ ജില്ലാ കൌണ്‍സില്‍ അംഗം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. സംഭവത്തില്‍ സി.പി.ഐ നേതൃത്വം കൃഷിമന്ത്രിക്ക് പരാതി നല്കി. എന്നാല്‍ കൃഷി വകുപ്പ് ആരോപണം നിഷേധിച്ചു.
ഇടുക്കി ജില്ലയില്‍ പ്രളയാന്തരം കൃഷിനാശത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക 12 കോടിയിലധികമാണ്. ഇടുക്കി ബ്ലോക്കില്‍ മാത്രം എട്ട് കോടി ഇരുപത് ലക്ഷം രൂപയാണ് കര്‍ഷകര്‍ക്കായി അനുവദിച്ചത്. ഇതില്‍ രണ്ടര കോടി രൂപ വാത്തിക്കുടി പഞ്ചായത്തില്‍ മാത്രം അനുവദിക്കപ്പെട്ടു. 150ല്‍ അധികം അനഹര്രാണ് ഇവിടെ പണം കൈപ്പറ്റിയതെന്നാണ് സി.പി.ഐയുടെ ഗുരുതര ആരോപണം. കമ്മീഷന് വ്യവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ തുക അനര്‍ഹര്‍ക്ക് നല്‍കുന്നുവെന്നും സി.പി.ഐ കിസാന്‍സഭ നേതാക്കള്‍ ആരോപിക്കുന്നു. അര്‍ഹരായവരെ പട്ടികയില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഒഴിവാക്കുന്നു. പണം അനുവദിക്കപ്പെട്ട കര്‍ഷകര്‍ക്കാകട്ടെ ബാങ്ക് അക്കൌണ്ടില്‍ പണം എത്തുന്നില്ലെന്നും ഇവര്‍ പറയുന്നു.
ഒരേ കുടുംബത്തില്‍ നിന്നുള്ള നാലു പേര്‍ക്ക് തുക ലഭിച്ച നിരവധി കുടുംബങ്ങളുണ്ടെന്നും ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയതിനാലാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ അറിവോടെ കൃഷി മന്ത്രിക്ക് പരാതി നല്‍കിയതെന്നും കിസാന്‍സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ പറയുന്നു. എന്നാല്‍ വ്യക്തമായ പരിശോധന നടത്തിയാണ് തുക വിതരണം ചെയ്യുന്നതെന്നും സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്പ്പിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.