Kerala

ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു ; ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്

ഇടുക്കി ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കുന്ന സാഹചര്യത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലെ 64 കുടുംബങ്ങളിലെ 222 പേരെ മാറ്റിപ്പാർപ്പിക്കും. ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളിൽ 3 എണ്ണമാണ് ഇന്നു തുറക്കുക. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയാറണെന്നും ഷീബ ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു.

ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെ മീ വീതമാണ് ഉയർത്തുക. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകളാണ് ഉയർത്തുക. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കും. അതിനുശേഷം മന്ത്രിമാരുടെ സാന്നിധ്യത്തിൽ മൂന്നാമത്തെ ഷട്ടർ ആദ്യം തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി 5 മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടർ തുറക്കും. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുകയെന്ന് ഷീബ ജോർജ് വ്യക്തമാക്കി.

ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.