Kerala

ഇടുക്കി ഡാമിൽ വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരും : ഡാം അസിസ്റ്റന്റ് എഞ്ചിനീയർ

ഇടുക്കി ഡാമിൽ വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ സജു എംപി ട്വന്റിഫോറിനോട്. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച്വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സജു എം.പി വ്യക്തമാക്കി. ( idukki dam red alert declaration )

മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകൾക്ക് ശേഷമേ ഡാം തുറക്കൂ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടാവുക. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കൈക്കൊള്ളേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഡാം അസിസ്റ്റന്റ് എഞ്ചിനീയർ സജു എംപി പറഞ്ഞു.

അതേസമയം, അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. 2385 അടിയിൽ ൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഇന്ന് പുലർച്ചെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുൾപ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയർന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.

കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്തി, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ ആദ്യഘട്ടമെന്ന നിലയിൽ രണ്ട് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയർത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സെക്കന്റിൽ 100 ക്യുമെക്‌സ് മുതൽ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതൽ 15 വരെ സെ.മി പമ്പയിൽ ജലനിരപ്പ് ഉയരുമെന്നായിരുന്നു വിവരം. ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പത്തനംതിട്ടയിൽ ചേരുന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്.

ജലനിരപ്പുയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ ഷട്ടറുകളും അൽപസമയം മുൻപ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. സെക്കൻഡിൽ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണിൽ നിന്നും 65 കിലോമീറ്റർ കിഴക്കാണ് ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.