Health Kerala

കൊച്ചിയില്‍ ഐസിയു ബെഡ്ഡിന് ക്ഷാമം

എറണാകുളം ജില്ലയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. അതിനാല്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം നിറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

അതേസമയം ജില്ലയിലെ 48 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നു. 26.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 244 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 23,437 പേര്‍ക്കാണ്. കൂടുതല്‍ ഡോക്ടര്‍മാരെ രംഗത്തിറക്കും. ഐസിയുവില്‍ നില്‍ക്കാന്‍ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് പരാതി.

കാക്കനാട് ജില്ലാ ജയിലില്‍ 60 തടവുകാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. രണ്ട് പേരെ പറവൂര്‍ എഫ്എല്‍ടിസിയിലേക്ക് കൊണ്ടുപോയി. പുതിയ തടവുകാരെ ഇനി ജയിലില്‍ കൊണ്ടുവരില്ല. വൈദ്യസഹായം ഉറപ്പാക്കുമെന്ന് അധികൃതര്‍.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ 4396 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4321 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 541 പേര്‍ കൊവിഡ് മുക്തി നേടി.