India Kerala

ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസ് വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കണം. കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും ബന്ധു റൗഫിനെയും കക്ഷി ചേര്‍ക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി. വി.എസിന്റെ ഹരജി തള്ളിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പിച്ചിട്ടുള്ളത്. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ ലഭിച്ചില്ല. റൗഫും ഷെറീഫും ഇരകള്‍ക്ക് നല്‍കിയ പണം കുഞ്ഞാലിക്കുട്ടിയുടേതെന്ന് തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരുകള്‍ മാറുന്നത് അന്വേഷണത്തെ സ്വാധീനിക്കില്ല.

അന്തിമ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഹരജിക്കാരന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്നും വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അട്ടിമറി ആരോപണം സംബന്ധിച്ച കേസിലെ തുടര്‍ നടപടികളില്‍ സര്‍ക്കാര്‍ കെടുകാര്യസ്ഥത കാട്ടിയെന്നാണ് വി.എസിന്റെ ആരോപണം. 2017 ഡിസംബര്‍ 23നാണ് ഐസ്‌ക്രീം കേസിലെ തുടര്‍ നടപടികള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത്.