മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പാലാരിവട്ടം പാലം അഴിമതി കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ ഒളിച്ചു വെക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ പാലാരിവട്ടം പാലം ഇടതുപക്ഷ സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നു. പാലത്തിന്റെ ഇളകിപ്പോയ ഭാഗത്തിന്റെ പണി നടത്തിയത് ഇടത് സര്‍ക്കാരാണ്. പാലം നിര്‍മാണത്തില്‍ ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിജിലന്‍സ് നീക്കം ചോര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനില്‍ക്കെയാണ് വിജിലന്‍സിന്റെ നിര്‍ണായക നീക്കം.
ടി.ഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ സൂരജ് കൂട്ടിച്ചേര്‍ത്തിരുന്നു.