Kerala

ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാം

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് വ്യവസ്ഥകളോടെ അനുമതി ലഭിച്ചു. നവംബർ 30 ന് സ്വകാര്യ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ ചികിത്സയ്ക്ക് സൌകര്യമില്ലെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിൽ തുടരാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യൽ അനുവദിക്കാവൂ എന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കോടതി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി, ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരിക്കുന്നത്.

  • ആശുപത്രിയിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യേണ്ടത്.
  • 30-ാം തീയതിയാണ് ചോദ്യം ചെയ്യേണ്ടത്.
  • രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ – 5 മണി വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി.
  • ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റ്‌ നടത്തണം.
  • പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്.
  • ചികിത്സ തടസപ്പെടുത്തരുത്.
  • ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നൽകണം.
  • ചോദ്യം ചെയ്യൽ സമയത്ത് മൂന്ന് ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളു.
  • ഉത്തരവിന്‍റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകണം.

-എന്നിവയാണ് നിബന്ധനകൾ.