India Kerala

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കാസർകോട് ഡി.സി.സി നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം തുടരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കള്‍ ഇന്ന് സമര പന്തലിലെത്തി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം സമര പന്തലിൽ അഭിവാദ്യമർപ്പിക്കാൻ നിരവധി നേതാക്കളും ജില്ലയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും എത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ശബ്ദ സന്ദേശം സമര പന്തലില്‍ കേൾപ്പിച്ചു. സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ രൂക്ഷമായ ഭാഷയിലാണ് സി.പി.എമ്മിനെ വിമർശിച്ചത്. സുധാകരനെ കൂടാതെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും സമര പന്തലിലെത്തി. വി.ടി ബല്‍റാം, കെ.എം ഷാജി എന്നിവരും ഇന്ന് സമര പന്തലിലെത്തിയേക്കും.

അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലം ഇന്നലെ പരിശോധിച്ച സംഘം, കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് ഡയറി പരിശോധനക്ക് ശേഷമാകും തുടരന്വേഷണം. കേസില്‍ കൂടുതല്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രതികളായേക്കുമെന്നാണ് സൂചന.