Kerala

നരബലിയിൽ ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ ? അന്വേഷണസംഘം പരിശോധിക്കുന്നു

ഇലന്തൂർ നരബലിക്കേസിൽ മുഹമ്മദ് ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. പ്രതികളുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണസംഘം പരിശോധിക്കും

ഇലന്തൂർ നരബലിക്കേസിലെ മൂന്ന് പ്രതികളെയും എറണാകുളം പോലീസ് ക്ലബിൽ മൂന്നാം ദിനമായ ഇന്നും ചോദ്യം ചെയ്യും. ഒറ്റക്കിരുത്തിയും ഒരുമിച്ചു മുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. ഇക്കാര്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും. പ്രതികൾ നൽകിയ പല മൊഴികളും അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിലെ മുഖ്യപ്രതി ഷാഫിക്ക് ജോയിന്റ് അക്കൗണ്ട് ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിക്കും.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. ഇക്കാര്യത്തിൽ അടക്കം ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇലന്തൂരിലെത്തിയ സിനിമപ്രവർത്തകരെ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശ്യാസ്യം നടന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു.

അതേസമയം ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീടിന്റെ പരിസരത്ത് പോലിസ് നേരത്തെ മാർക്ക് ചെയ്ത സ്ഥലങ്ങൾ കുഴിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന സംശയ ദുരീകരണത്തിനാണ് ഭഗവൽ സിംഗിന്റെ പറമ്പ് കുഴിക്കുക. നാളെ ഉച്ചയ്ക്ക് ശേഷമോ മറ്റന്നാളോ തെളിവെടുപ്പിന്ന് പ്രതികളെ ഇലന്തൂരിലെത്തിക്കാനാണ് നീക്കം.