Kerala

പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് തടവ് ശിക്ഷ നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് നിർദേശം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

മലപ്പുറത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് 18കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഗർഭത്തിനുത്തരവാദിയല്ലെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ 18കാരൻ ഇനിയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. എങ്കിലും പെൺകുട്ടി ഗർഭിണിയല്ലായിരുന്നെങ്കിൽ ഒരുപക്ഷെ, യുവാവിന്റെ വിധി മറ്റൊന്നാകുമായിരുന്നു. പെൺകുട്ടി ഗർഭിണിയല്ലായിരുന്നെങ്കിൽ ആ യുവാവ് ഇപ്പോഴും അകത്തു കടക്കേണ്ടി വന്നേനെ എന്നാണ് ഹൈക്കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ പറയുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യൻ നീതിബോധം വെച്ച് നോക്കുമ്പോൾ അത് നടക്കാൻ പാടില്ലാത്ത സംഭവമാണ്. കേരളത്തിൽ വ്യാപകമായി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ നടക്കുന്നുണ്ട് എന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ പ്രതികരിച്ചത്.