ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെ അഭിനന്ദിക്കുന്നത് അപരിഷ്കൃതമായ രീതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശം സംരക്ഷിക്കുന്നതാകണം നിയമ വ്യവസ്ഥിതി. നീതി വൈകുന്നു എന്ന് പറഞ്ഞ് ആരും നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നല്‍കാനുള്ള ചുമതല കോടതിക്കാണ്.. ഇങ്ങനെയൊരു നിയമവ്യവസ്ഥയുള്ള രാജ്യത്താണ് കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ശബ്ദം പാര്‍ലമെന്റില്‍ പോലും ഉയരുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് കയ്യടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ആലുവയിലെ ഭാരത് മാതാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നടന്ന ലോക മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ലഭിക്കാന്‍ കാലതാമസം വരുന്നിടത്തോളം ഇത്തരം പ്രതികരണങ്ങളില് അദ്ഭുതപ്പെടാനില്ല. മനുഷ്യാവകാശ നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.