ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരസഭാ ജീവനക്കാർ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് അവരെ കയ്യേറ്റം ചെയ്തത്. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങൽ നഗരസഭയുടെ വിശദീകരണം. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തു. കച്ചവടക്കാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി എന്ന കാരണത്താലാണ് അൽഫോൻസ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞത്. അൽഫോൻസ വര്ഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വിൽപ്പന നടത്തയിരുന്ന വ്യക്തിയാണ്. ആറ്റിങ്ങലിലെ മുതലപൊഴി പോലെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവനോപാധി മത്സ്യ വിൽപ്പനയാണ്. കൊവിഡ് ലോക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവർ ഈ പ്രദേശത്ത് വീണ്ടും കച്ചവടം തുടങ്ങിയത്.