India Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഞ്ചേരിയില്‍ മനുഷ്യച്ചങ്ങല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം മഞ്ചേരി കാരാപറമ്പില്‍ തുടരുന്ന ആസാദി സ്ക്വയറിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമേകി മനുഷ്യച്ചങ്ങല തീര്‍ത്തു. ഭരണഘടനാ സംരക്ഷണ ജനകീയ കൂട്ടായ്മ തീര്‍ത്ത മനുഷ്യ ചങ്ങലയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാരാപറമ്പ് ആസാദി സ്‌ക്വയറില്‍ അനിശ്ചിതകാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കിടങ്ങഴി മുതല്‍ ചെങ്ങര വരെ മനുഷ്യച്ചങ്ങല തീര്‍ത്തത്. ഭരണഘടനാ സംരക്ഷണ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്ത ചങ്ങലയില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെ പേരാണ് പങ്കെടുത്തത്. കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ട ചങ്ങലയില്‍ കൈകോര്‍ത്ത് കണ്ണികളാവാനെത്തിയവരില്‍ ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമുണ്ടായിരുന്നു.

ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം സമരക്കാർ ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് വ്യത്യസ്ത പ്രതിഷേധ പരിപാടികളുമായി കാരാപറമ്പില്‍ തുടരുന്ന ആസാദി സ്‌ക്വയറില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചു.