India Kerala

ചട്ടം ലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍‌മാണം

ചട്ടംലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍‌മാണം. സംഘ്പരിവാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ് ഇന്ത്യ എന്ന സംഘടനയാണ് വ്യാപകമായി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഊരുകൂട്ടത്തിന്റെ സമ്മതവും പഞ്ചായത്തിന്‍റെ അനുമതിയും ഇല്ലാതെ 193 വീടാണ് ഇതുവരെ നിര്‍മിച്ചത്. ചട്ടം മറികടന്ന് നിര്‍മ്മിച്ചതിനാല്‍ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല.

2011ലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ഗോത്രമേഖലയില്‍ അംഗീകൃത ഏജന്‍സികള്‍ വീട് നിര്‍മിക്കണമെങ്കില്‍ ഊരുമൂപ്പന്‍ ഉള്‍പെടെയുള്ളവരുമായി കൂടിയാലോചന നടത്തണം. വീടുകള്‍ ആദിവാസികളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്നതാണെന്ന് ഉറപ്പ് വരുത്തി രൂപരേഖ തയാറാക്കണം, നിര്‍മാണം തുടങ്ങണമെങ്കില്‍ ഈ പദ്ധതിരൂപരേഖ ഗ്രാമ പഞ്ചായത്ത് അംഗീകരിക്കണം. ഈ ചട്ടങ്ങള്‍ ലംഘിച്ചാണ് അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലായി എച്ച്.ആര്‍.ഡി.എസ് വീടുകള്‍ നിര്‍മിച്ചത്.

എന്നാല്‍ അട്ടപ്പാടിയില്‍ വീട് നിര്‍മാണത്തിന് ആരുടെയും അനുമതി വേണ്ടെന്നാണ് എച്ച്.ആര്‍.ഡി.എസിന്റെ വാദം. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാര്‍ ചെയര്‍മാനായി സംഘ്പരിവാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എച്ച്.ആര്‍.ഡി.എസ് ഇന്ത്യ. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഇവരുടെ വീട് നിര്‍മാണം നടക്കുന്നുണ്ട്.