തിരുവോണത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് ഓണസദ്യ. 26 കൂട്ടം വിഭവങ്ങൾ ഇലയിൽ നിരന്നിരിക്കുന്നത് കാണാൻ തന്നെ ചേലാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് പ്രത്യേക സ്ഥാനവും കഴിക്കുന്നതിന് പ്രത്യേക ക്രമവുമുണ്ട്. ( how to eat onam sadya )
വാഴയിലയിൽ തന്നെ തുടങ്ങാം. സദ്യയുടെ ഇലയിടുന്നതിനും രീതിയുണ്ട്. തൂശനിലയുടെ തലഭാഗം (വീതി കുറഞ്ഞ വശം) കഴിക്കുന്നയാളുടെ ഇടത്ത് വശത്തായിരിക്കണം. സദ്യയിലെ ഓരോ വിഭവങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ട്. ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. പിന്നാലെ പപ്പടം, പഴം, ശർക്കര വരട്ടി, കായവറുത്തത്, പുളി ഇഞ്ചി, അച്ചാർ, ഓലൻ, കാളൻ, എരിശേരി, പുളിശേരി, അവിയൽ, കൂട്ടുകറി, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, കിച്ചടി, ഇലയുടെ നടുക്കായി ചോറ്-ഇങ്ങനെയാണ് ക്രമം. പിന്നാലെ പരിപ്പും, നെയ്യും. അതിന് ശേഷം സാമ്പാർ, മോരുകറി, ഉള്ളി തീയൽ, രസം, സംഭാരം. ശേഷം പായസം.
കഴിക്കേണ്ട രീതി
ഓണസദ്യ ഒരു സമീകൃത ആഹാരമാണ്. എല്ലാത്തരം പച്ചക്കറികളും സദ്യയിൽ ഉപയോ?ഗിക്കുന്നു. കാർബോഹൈഡ്രേറ്റ്, വിറ്റമിൻ, പ്രൊട്ടീൻ, തുടങ്ങി എല്ലാവിധ ?ധാതുലവണങ്ങളും സദ്യയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനൊപ്പം സ്വാദും ലഭിക്കണമെങ്കിൽ സദ്യ കഴിക്കേണ്ട രീതിയിൽ തന്നെ കഴിക്കണം.
മധുരം, പുളി, ഉപ്പ്, എരിവ്, കയപ്പ്, ചവർപ്പ് എന്നിവയാണ് ആ ആറുരസങ്ങൾ. ഇതേ ക്രമത്തിൽ തന്നെയാണ് നാം ആഹാരം കഴിക്കേണ്ടതും. എല്ലാ വിഭവങ്ങളും വിളമ്പിത്തീരുന്നത് വരെ കാത്തിരിക്കണം. കണ്ണുകൾ കൊണ്ട് ആദ്യം സദ്യ ആസ്വദിക്കണം. ഒപ്പം മണവും. എന്നിട്ട് വേണം കഴിച്ചുതുടങ്ങാൻ.
സദ്യയിൽ ആദ്യം തന്നെ കഴിക്കേണ്ടത് ശർക്കരവരട്ടിയും കായവറുത്തതുമാണ്. ശർക്കരവരട്ടിയിലെ മധുരം നാവിലെ എല്ലാ രസമുകുളങ്ങളെയും ഉണർത്തും. ചുക്കുപൊടിയും വറവിലെ ഉപ്പും ദഹനേന്ദ്രിയങ്ങളെയും കൂടി ഉണർത്തും. അടുത്തത് ചോറിലേക്ക് കടക്കാം. നെയ്യും പരിപ്പും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കേണ്ടത്. നെയ്യ് അഗ്‌നിയെ ഉത്തേജിപ്പിക്കുന്നു. അഗ്‌നിയാണ് ദഹനം ഉണ്ടാക്കുന്നത്. ശേഷം പുളിയിഞ്ചി കൂട്ടണം. മധുരവും ഇഞ്ചിയും ചെയ്യുന്നതും ദഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കും. പുളിയിഞ്ചിക്ക് ശേഷം മധുരമുള്ള കറികൾ ആദ്യം കൂട്ടണം. പൈനാപ്പിൾ പച്ചടി ഉണ്ടെങ്കിൽ അതിൽ തുടങ്ങാം. പിന്നീട് കൂട്ടുകറി. അതിലും ശർക്കരയുടെ മധുരമുണ്ട്. അടുത്തത് മത്തൻ എരിശ്ശേരി കഴിക്കണം. അല്ലെങ്കിൽ കാളനും, അവിയലും, പച്ചടിയും, എരിശ്ശേരിയും മാറിമാറി കഴിക്കാം.
ഏതു കറി കഴിച്ചാലും ഒരൽപം ഓലൻ കഴിച്ചിട്ടേ മറ്റൊരു കറി കഴിക്കാവൂ. ഓലൻ കഴിക്കുമ്പോൾ നാവ് വൃത്തിയാകും. അതിനാൽ ഓരോ കറിയുടെയും യഥാർത്ഥ രുചി ആസ്വദിക്കാം.
മധുരവും പുളിയും ഉള്ള കറികൾ കഴിഞ്ഞാൽ അടുത്തത് ഉപ്പും,എരിവുമുള്ള വിഭവങ്ങളാണ്. അച്ചാർ, പച്ചടി, തോരൻ ഇലവർഗങ്ങൾ എന്നിവ കഴിക്കാം. കയപ്പുള്ളതും, ചവർപ്പുള്ളതുമായ കറികൾ പൊതുവേ കുറവാണ് സദ്യയിൽ.
ചോറും സാമ്പാറും കഴിഞ്ഞാൽ ചോറും രസവും കഴിക്കാം. ശേഷം പായസം കഴിക്കാം. പായസത്തിന് ശേഷം മോര് കൂട്ടി വീണ്ടും ചോറ് കഴിക്കണം. വയറിന്റെ രക്ഷകനാണ് മോര്. ദഹനം ശരിയായി നടക്കാനും മധുരത്തിന്റെ ആലസ്യം കുറയ്ക്കാനും അവസാനം മോരുകൂട്ടി ഉണ്ണണം. അച്ചാറും തോരനും ലേശം ബാക്കി വച്ചാൽ മോരിനൊപ്പം കഴിക്കാം. ഏറ്റവുമൊടുവിൽ ഒരു പഴം കൂടി കഴിച്ചാൽ ഇല മടക്കാം. സദ്യക്കിടയിൽ ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്.