India Kerala

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: കുമരകം സ്വദേശിയായ യുവാവ് അറസ്റ്റില്‍

കോട്ടയം പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുമരകം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് സംഭവം നടന്ന വീടുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്‍പി അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണും..

വീട്ടമ്മയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണെന്നാണ് സംശയം. പ്രതിയും കൊല്ലപ്പെട്ട ഷീബയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം. പ്രതി ചില പ്രധാന രേഖകളും കൈക്കലാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.

മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് കുമരകം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കാര്‍ മോഷിച്ച് കൊണ്ട് പോയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാര്‍ ആലപ്പുഴ ഭാഗത്ത് നിന്നും കണ്ടെത്തിയതായും സൂചനയുണ്ട്. കൊലപാതകം നടന്ന വീടുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. രഹസ്യ കേന്ദ്രത്തില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. കൊലപാതകത്തിന്‍റെ ലക്ഷ്യമെന്ത് എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

നേരത്തെ 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പലരേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വൈദ്യുതാഘാതം ഏല്‍പ്പിച്ച് ഷീബയെയും സാലിയേയും കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത് വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണെന്നും വിവരമുണ്ട്. ഗ്യാസ് ലീക്ക് ചെയ്ത് സ്ഫോടനം നടത്താനുളള ശ്രമവും പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.