Kerala

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍ നാളെ തുറക്കും; ഇന്ന് ശുചീകരണദിനം

കേന്ദ്രം നിര്‍ദ്ദേശിച്ച ഇളവുകളുടെ മാനദണ്ഡം പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും റെസ്റ്റോറന്‍റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

സംസ്ഥാനത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ന് ശുചിയാക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം

കേന്ദ്രം നിര്‍ദ്ദേശിച്ച ഇളവുകളുടെ മാനദണ്ഡം പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും റെസ്റ്റോറന്‍റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഇന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെങ്കിലും നാളെ മുതലാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഇന്ന് സമ്പൂര്‍ണ ശുചീകരണ ദിനമായിരിക്കും. ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ഇന്ന് അണുവിമുക്തമാക്കണം. വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണമെന്നത് ആരാധനാലങ്ങള്‍ക്കും ബാധകമാണ്. ഒരു സമയം നൂറ് പേരില്‍ കൂടുതല്‍ പാടില്ല. മാസ്ക് ധരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. പൊതു ടാങ്കുകളിലെ വെള്ളം ഉപയോഗിക്കാതെ ടാപ്പുകള്‍ ഉപയോഗിക്കണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.

ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ മാത്രമേ പാടുള്ളു. കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളെയോ ജോലിക്കാരെയോ അനുവദിക്കരുത്. ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കണം. ഒരു തവണ ഉപയോഗിക്കാന്‍ കഴിയുന്ന മെനു കാര്‍ഡ് വേണം ഉപയോഗിക്കാന്‍. മാളുകളിലും സാമൂഹിക അകലം പാലിക്കണം. കുട്ടികളുടെ കളിസ്ഥലങ്ങളും തിയേറ്റുകളും തുറക്കരുതെന്നും നിര്‍ദേശമുണ്ട്.