തീർഥാടനം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും ശബരിമലയിലെ ഹോമിയോപതി ആശുപത്രികള്‍ തുറക്കാനായില്ല. എല്ലാ തീർഥാടന കാലത്തും തുറന്ന് പ്രവർത്തിക്കാറുണ്ടെങ്കിലും ഇത്തവണ ആരോഗ്യ വകുപ്പിന്‍റെ ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായത്. ആരോഗ്യ വകുപ്പിന്‍റെ അലംഭാലം മൂലമാണ് ആശുപത്രികള്‍ തുറക്കാനാവാത്തതെന്നാണ് ആരോപണം.
ശബരിമലയില്‍ പ്രവർത്തിക്കുന്ന അലോപതി, ആയുർവേദ ആശുപത്രികള്‍ക്കൊപ്പം പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഹോമിയോപതി ആശുപത്രികളും പ്രവർത്തിച്ചിരുന്നത്. ഹോമിയോ വകുപ്പ് തുടങ്ങിയ ശേഷം കഴിഞ്ഞ തീർഥാടന കാലം വരെ മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്ന സർക്കാർ സ്ഥാപനങ്ങള്‍ ഈ വർഷം ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. ശബരിമലയിലെത്തുന്ന മലയാളികളെക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ഹോമിയോപതി ആശുപത്രികളെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആശുപത്രികള്‍ തുറക്കാതിരുന്നതോടെ പലർക്കും ഇവിടെ നിന്ന് ചികിത്സ ലഭ്യമായിട്ടില്ല.
രണ്ട് ആശുപത്രികളുടെയും പ്രവർത്തനങ്ങള്‍ക്കായി മുന്‍ വർഷങ്ങളില്‍ ഏഴ് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം ആരോഗ്യ വകുപ്പ് തുക അനുവദിക്കാതിരുന്നതോടെയാണ് ഹോമിയോപതി ചികിത്സ ആവശ്യക്കാർക്ക് അന്യമായിരിക്കുന്നത്. സംസ്ഥാന വ്യാപകമായി കോവിഡ് പ്രതിരോധ മരുന്നുകള്‍ ഹോമിയോ വകുപ്പ് വഴിയാണ് സർക്കാർ വിതരണം ചെയ്യുന്നത്. എന്നാല്‍ ആശുപത്രികള്‍ തുറക്കാതായതോടെ ശബരിമലയിലെത്തിയവർക്ക് ഇതുവരെ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഹോമിയോ ആശുപത്രികളുടെ പ്രവർത്തനം തുടരുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ സർക്കാരിനെ നേരത്തെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചതാണ് ആശുപത്രികളുടെ പ്രവർത്തനം മുടങ്ങാന്‍ കാരണമായതെന്നാണ് ആരോപണം.