പൊലീസിലെ ക്രമക്കേട് സംബന്ധിച്ച് സി.എ.ജി കണ്ടെത്തലുകള്‍ ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാതലത്തില്‍ ആഭ്യന്തര സെക്രട്ടറിയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണിപ്പോള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.
സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷന്റെ മാർഗ നിർദേശങ്ങളും ലംഘിച്ചതായി സി.എ.ജി കണ്ടെത്തിയിരുന്നു. വില നിശ്ചയിക്കുന്നതിൽ നാലു സന്ദർഭങ്ങളിലെങ്കിലും പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ പദ്ധതികൾക്ക് ധനനഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം പൊലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ഇന്നലെ നടന്ന ക്രൈംബ്രാഞ്ച് പരിശോധനയിലും കണ്ടെത്തിയിരുന്നു.