ഗോ ബാക്ക് രാഹുല്‍ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്ജുന് സമ്പത്ത് തമിഴ്നാട്ടില്‍ അറസ്റ്റില്‍ .ദിണ്ടിഗല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്ജുന് സമ്പത്തിനെ കരുതല്‍ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര തുടങ്ങുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു അര്ജുന് സമ്പത്തിന്റെ പദ്ധതി.
പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദര്‍ശിക്കുന്ന അവസരത്തിലെല്ലാം ചിലര്‍ ഗോ ബാക്ക് മോദി എന്ന് പറഞ്ഞ് പ്രതിഷേധിക്കാറുണ്ടെന്നും ഇതിനുള്ള മറുപടിയാണ് രാഹുലിനെതിരായ പ്രതിഷേധമെന്നുമായിരുന്നു അര്ജുന് സമ്പത്തിന്റെ വാദം. കന്യാകുമാരിയിലെത്തി രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാട്ടുമെന്ന് കൂടി അര്ജുന് പറഞ്ഞതോടെ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 5 മാസം നീളുന്ന യാത്രക്ക് ഇന്ന് വൈകിട്ട് കന്യാകുമാരിയില്‍ തുടക്കമാകും. അച്ഛന്റെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും രാഹുല്‍ ഗാന്ധി പദയാത്രക്ക് തുടക്കം കുറിക്കുക. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള യാത്ര പക്ഷേ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രമാതിത്യം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് നടത്തുന്ന യാത്രയ്ക്കിടെ, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി കടന്നുപോകും എന്നുള്ളതും ശ്രദ്ധേയമാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്നുവരുമോ എന്നുള്ളതും ഈ യാത്രക്കിടയില്‍ അറിയാം.
രാഹുലിനെ വെല്ലുവിളിച്ച് സംഘടനാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചില നേതാക്കള്‍. നിര്‍ണായക യാത്രയ്ക്കിടെ സംഘടനാ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെ കലുഷിതമാക്കുമെന്ന് ചുരുക്കം. അഞ്ച് മാസം നീണ്ടു നില്ക്കുന്ന പദയാത്രയില്‍ 3,500ലധികം കിലോമീറ്ററാണ് രാഹുല്‍ നടന്നു തീര്‍ക്കുക. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയില്‍ രാഹുലിനൊപ്പം മുഴുവന്‍ സമയവും 300 പേര് ഉണ്ടാകും.