Kerala

ഹയര്‍ സെക്കന്‍ഡറി പ്രവേശനം; സാങ്കേതിക നൂലാമാലകളില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

അപേക്ഷ സമര്‍പ്പിച്ചപ്പോള്‍‌ മൊബൈല്‍ നമ്പര്‍‌ തെറ്റിപ്പോയവര്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്തവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പുതിയ അപേക്ഷാ നടപടിക്രമം രക്ഷിതാക്കള്‍ക്ക് കുരുക്കാകുന്നു. അപേക്ഷ സമര്‍പ്പിച്ചപ്പോള്‌ മൊബൈല്‍ നമ്പര്‌ തെറ്റിപ്പോയവര്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്തവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി.എന്നാല്‍ അപേക്ഷയിലെ വിവരങ്ങള്‍ തിരുത്താന്‍ നടപടി ആരംഭിച്ചതായി ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍‌ അറിയിച്ചു.

ശ്രീ ശബരി,അനഘശ്രീ,ശ്രീഹരി,കോഴിക്കോട് ചാലില്‍ താഴത്തെ സുരേഷ് കുമാറിന്‍റെയും ബിന്ദുവിന്‍റെയും മൂന്ന് മക്കളായ ഇവര്‍ എസ്.എസ്. എല്‍.സിക്ക് വാങ്ങിയത് മികച്ച വിജയം.പക്ഷേ പ്ലസ് വണ്‍ അപേക്ഷയിലെ സാങ്കേതിക പരിഷ്കാരങ്ങള്‍ ഇവര്‍ക്കു ആദ്യം വിനയായി.

പലരുടെയും അവസ്ഥ സമാനമാണ്.ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം സമര്‍പ്പിച്ച മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരിക.ആ നമ്പര്‍ ഉപയോഗിച്ച് വേണം കാന്‍ഡിഡേറ്റ് ലോഗിന് ചെയ്യാന്‍.ആദ്യം നല്‍കിയ നമ്പര്‍ തെറ്റിയവര്‍ക്ക് ഒടിപി ലഭിക്കില്ല. ലാന്‍റ് ഫോണ്‍ നമ്പര്‍ നല്‍കിയവരുടേയും അവസ്ഥ ഇതു തന്നെ.അപേക്ഷയില്‍ നല്‍കിയ വിവരങ്ങളിലെ തെറ്റു തിരുത്താനുളള നടപടി ആരംഭിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.തെറ്റുതിരുത്താന്‍ അപേക്ഷാ നമ്പര്‍,സ്കീം, രജിസ്റ്റര്‍നമ്പര്‍, ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെച്ച് അപേക്ഷ നല്‍കണം.ഒപ്പം ആധാറിന്‍റെയും അപേക്ഷയുടെയും പകര്‍പ്പും.എന്നാല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള അവസാന തിയതിക്ക് ഒരു ദിവസം മാത്രം ശേഷിക്കേ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം ഉള്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതും പ്രതിസന്ധിയാകും.