Kerala

മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി

കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്

എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോവിഡ് പാശ്ചാത്തലത്തിലാണ് കോടതി നിർദേശം.

കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്. കോവിഡ് ഭീഷണി മൂലം കടകൾ തുറക്കാനാകാത്ത സാഹചര്യമാണ്. അതിനാൽ ലോക്ഡൗൺ മുതലുള്ള വാടകകൾ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ കച്ചവടം നടത്തുന്ന വിധവയായ അരൂർ സ്വദേശിനി ബദറുന്നിസ നൽകിയ ഹറജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വാടക ഇളവിനായി ഹരജിക്കാരി ജി.സി.സി.എയെ സമീപിച്ചപ്പോൾ രണ്ട് മാസത്തെ വാടക ഇളവ് അനുവദിക്കാമെന്നും, കൂടുതൽ ഇളവിന് സർക്കാർ ഉത്തരവ് ആവശ്യമാണെന്നും സെക്രട്ടറി ഉത്തരവിറക്കി.

തുടർന്ന് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഹരജിക്കാരി നിവേദനം നൽകുകയും ചെയ്തു. സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് ഒരു മാസത്തിനകം പുറപ്പെടുവിക്കണമെന്നും, ഉത്തരവ് ഇറങ്ങുന്നതുവരെ വാടക ഈടാക്കാനോ, വാടക അടക്കാത്തതിന്റെ പേരിൽ ഇവരെ പുറത്താക്കാനോ പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു.