Kerala

‘മോൻസൺ ആരെയൊക്കെ പറ്റിച്ചു’; പുരാവസ്തു തട്ടിപ്പിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

മോൻസൺ കേസിലെ സർക്കാർ സത്യവാങ്മൂലത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മോൻസന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. കേസില്‍ ഐ.ജി ലക്ഷ്മണയുടെ റോൾ സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു.

മോൻസനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമല്ല അറിയേണ്ടതെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

2019 മെയ് മാസം 11ാം തിയ്യതിയാണ് മോൻസണിനെതിരെ ഇന്റലിജൻസ് അന്വേഷണത്തിന് എ.ഡി.ജി.പി ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോൻസൺ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. മോൻസനെതിരെ സംശയം ഉണ്ടായിട്ടും പൊലീസ് എന്തിന് സംരക്ഷണം നൽകി. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ ഭാഗമായ ഈ കേസ് പൊലീസ് അന്വേഷിച്ചാൽ മതിയാകുമോ എന്നും കോടതി ചോദിച്ചു.

മോൻസനെതിരായി മുൻ ഡി.ജി.പി ഇന്റലിജൻസിന് അയച്ച കത്തുൾപ്പെടെ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് ഹൈക്കോടതി നവംബർ 11 ന് വീണ്ടും പരിഗണിക്കും.