Kerala

ഇ ഡി സമന്‍സിനെതിരായ കിഫ്ബിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സിനെതിരെ കിഫ്ബി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കിഫ്ബിയുടെ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിയെയാണ് കിഫ്ബിയും സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

ഫെമ ലംഘനം പരിശോധിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബിയുടെ ഹര്‍ജിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ച് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎമ്മും നിയമപോരാട്ടം നടത്തുകയാണ്. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു.