തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്‌ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം.
വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതിക്ക് മുന്നിലുണ്ട്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറയുന്നത്. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.