Kerala

സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുതാത്പര്യ ഹർജിയാണ് നല്‍കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവുമാണ് ഹർജിക്കാർ.

പി.എസ്.സിയിൽ നിരവധി ഉദ്യോഗാർഥികൾ ജോലിക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനം. സംസ്ഥാന സർക്കാർ നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസവും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു. അതേസമയം 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ.