പാലാക്കട്ടെ സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി ആവശ്യപ്പെട്ടു . ജസ്റ്റിസ് കെ ഹരിപാൽ ആണ് കേസ് പരിഗണിച്ചത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷികയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കുറ്റകൃത്യത്തില്‍ കേരളത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ കേരള പൊലിസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കേസ് സിബിഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ നവംബർ 15 നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 21 പേര്‍ അറസ്റ്റിലായി. കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കാൻ സഹായിച്ച ആക്രിക്കട ഉടമയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.