India Kerala

മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തതിന് ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരെ കോടതിയലക്ഷ്യ നടപടി

കാസര്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാകോസ് അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിച്ച് ഹെെക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് സമര്‍പ്പിക്കുന്നതിനായി കോടതി നിര്‍ദ്ദേശങ്ങള്‍ നേരത്തെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തന്നെ പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഇതിന്‍റെയെല്ലാം അലക്ഷ്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് നിരീക്ഷിച്ചാണ് കോടതി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പടെയുള്ളവര്‍ക്കതിരെ നടപടിക്കൊരുങ്ങുന്നത്.

നിലവില്‍ രണ്ട് ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ത്താല്‍ ആഹ്വാനവുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസിന്‍റെ ഫെയിസ്ബുക്ക് പോസ്റ്റ് അടക്കം തെളിവുകളായി ഹാജരാക്കി.