Kerala

അപ്പീല്‍ നിലനില്‍ക്കുന്ന കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതില്‍ ജില്ലാ കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊലപാതകക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ടതില്‍ ജില്ലാ കോടതി ജഡ്ജിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ തൊണ്ടിമുതലാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. തൊണ്ടിസാധനങ്ങള്‍ നശിപ്പിക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. 

മൈലക്കാട് ജോസ് വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നത്. തൊണ്ടി മുതലുകള്‍ നശിപ്പിക്കാന്‍ വിചാരണക്കോടതിയായ അഡി. സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ ജോസിന്റെ ഭാര്യ ലിസിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിനെതിരെ ലിസി സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.

തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചോയെന്നും നശിപ്പിച്ചെങ്കില്‍ എന്നാണെന്നും വ്യക്തമാക്കി ജില്ലാ ജഡ്ജിയില്‍ നിന്ന് റിപ്പോര്‍ട്ടു തേടാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടിസാധനങ്ങള്‍ അപ്പീല്‍ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് നിയമം.