നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ വീഴ്ചകൾ മറികടക്കാനാകരുത് പുനർവിസ്താരമെന്ന് കോടതി പറഞ്ഞു. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. സംവിധായകന്റെ വെളിപ്പെടുത്തൽ എങ്ങനെയാണ് കേസിനെ സഹായിക്കുക?,സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ കഴിഞ്ഞുള്ള പുതിയ ആവശ്യം ന്യായമായിരിക്കണമെന്നും കോടതി പറഞ്ഞു.
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്ന പരാതിയുമായാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കുക്കാൻ എറണാകുളം സി ജെ എം കോടതി അനുമതി നൽകിയിരുന്നു.നടൻ ദിലീപിനെതിരെ സംവിധായകൻ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ
നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം.