Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍: നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കോടതിയുടെ അന്ത്യശാസനം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്തിയ്ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു. നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇന്നും കൊല്ലത്ത് എന്‍ഐഎ പരിശോധന നടന്നു. കൊല്ലം ചാത്തനാംകുളത്തെ പി എഫ് ഐ പ്രവര്‍ത്തകന്റെ വീട്ടിലാണ് പരിശോധന നടന്നത്. പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഡയറിയും ആധാര്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സ്വത്ത് വകകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്ചയില്‍ നിരുപാധികം മാപ്പപേക്ഷിച്ച സര്‍ക്കാര്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രജിസ്ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ ജനുവരി 15നകം പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.