Kerala

എപിഎൽ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവം; സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

എപിഎൽ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവത്തിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനായിരുന്നു സർക്കാർ ഉത്തരവ്.

എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്.

കൊവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎൽ കാർഡുകാർ ഇനി മുതൽ പണം അടയ്ക്കണം. ജനറൽ വാർഡിൽ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റർ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ ചികിത്സ നിരക്ക്.