വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ് എറണാകുളം മണ്ഡലം. ആദ്യഘട്ട പ്രചാരണങ്ങളില്‍ നേരിയ മേല്‍കൈ നേടിയെങ്കിലും യുവ എം.എല്‍.എ, ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ എല്‍.ഡി.എഫിന് കാര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതായി. പ്രബലനായ എതിരാളിയെ നേരിടുന്നതിനായി സിറ്റിങ് എം.പി കെ.വി തോമസിന് പകരമെത്തിയ പുതിയ സ്ഥാനാര്‍ത്ഥിയെ ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. എറണാകുളത്തിന്റെ പേരിനും പെരുമയ്ക്കും ഒത്തയാളായ ഹൈബി ഇന്നലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
മാതാപിതാക്കളുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം അന്തരിച്ച നേതാവ് എം.ഐ ഷാനവാസിന്റെ വീട്ടിലേക്കാണ് ഹൈബി ആദ്യമായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയത്. തുടര്‍ന്ന് വിവിധ സൗഹൃദ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് നേതൃയോഗത്തിലും പങ്കടുത്തു. പി രാജീവ് എന്ന പ്രബലനായ എതിരാളിയെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണന്നും ഹൈബി പറഞ്ഞു.
മറുവശത്ത് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് പ്രചാരണത്തില്‍ ഒരു പിടി മുന്നിലെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടനം ആരംഭിച്ചിട്ടില്ലങ്കിലും വിവിധയിടങ്ങളിലെ സന്ദര്‍ശനം തുടരുകയാണ്. തെരഞ്ഞെടുപ്പ് വെല്ലുവിളിയാണന്നും എന്നാല്‍ അതിനെ മറികടക്കാനാവുമെന്നുമാണ് സ്ഥാനാര്‍ത്ഥി പി രാജീവ് പറയുന്നത്.
ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മണ്ഡലമെങ്ങും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എല്‍.ഡി.എഫ് ഒരുങ്ങുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.