സംസ്ഥാനത്തെ ഹീമോഫീലിയ രോഗികളുടെ ജീവന്‍ രക്ഷാ മരുന്ന് വിതരണം നിലച്ചു. കാരുണ്യ ഫാര്‍മസികള്‍ വഴിയാണ് ഇവര്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. കോടിക്കണക്കിന് രൂപ കുടിശികയായതോടെയാണ് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയത്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ രോഗികള്‍.
മൂവായിരത്തോളം ഹീമോഫീലിയ രോഗികളാണ് സംസ്ഥാനത്ത് ആകെയുളളത്. കാരുണ്യ ഫാര്‍മസികള്‍ വഴി സൌജന്യമായാണ് ഇവര്‍ക്ക് ഇതുവരെ മരുന്ന് ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി മാസം മുതല്‍ മരുന്നുകളുടെ വിതരണം നിലച്ചിരിക്കുകയാണ്. ഫാക്ടര്‍ 9, ഫാക്ടര്‍ 8, ഫീബ എന്നീ പേരുകളിലുളള മരുന്നുകളാണ് ഇവര്‍ക്ക് ലഭിച്ചു വന്നിരുന്നത്. മരുന്ന് വിതരണം ചെയ്ത വകയില്‍ മുപ്പത് കോടിയോളം രൂപയാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയാതാണ് പ്രതിസന്ധിക്ക് കാരണം.
ഓരോ ഇഞ്ചക്ഷനും സ്വകാര്യ ആശുപത്രികളില്‍ പതിനായിരത്തിലധികം രൂപ ചിലവാകും. അതുകൊണ്ട് തന്നെ പലര്‍ക്കും ഈ തുക കണ്ടെത്തനാവാത്ത സാഹചര്യമാണ് നിലവിലുളളത്. പ്രശ്ന പരിഹാരത്തിന് ആരോഗ്യവകുപ്പ് ഒരു ഇടപെടലും നടത്തുന്നില്ലന്നാണ് രോഗികളുടെ പരാതി.