ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുപാര്‍ശയുടെ കരട് സിനിമാ സംഘടനകളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടേണ്ടെന്ന നിലപാടിലാണ് സാംസ്‌കാരിക വകുപ്പ്. റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് നിര്‍ദേശിച്ചത് ജസ്റ്റിസ് ഹേമ തന്നെയാണെന്ന് സാംസ്‌കാരിക വകുപ്പ് വിശദീകരിക്കുന്നു.
സിനിമയില്‍ തുല്യ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷനും തുല്യവേതനം നല്‍കണമെന്നതാണ് സുപ്രധാന നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് ഒഴിവാക്കും. കൃത്യമായ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ ഫിലിം കമ്പനികള്‍ തയാറാകണം. സ്ത്രീകള്‍ക്ക് ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് താമസ സ്ഥലത്തേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണം. സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമുണ്ടായാല്‍ നടപടി വേണം. സ്ത്രീകളോട് മാന്യമായി മാത്രം എല്ലാവരും പെരുമാറണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.