ഇന്ന് (മാർച്ച് 24) ആറ്റിങ്ങൽ സ്വദേശിയായ കിരണിന് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാനാവശ്യപ്പെട്ടുള്ള ഒരു ചെലാൻ വന്നു. രാവിലെ കടമ്പാട്ടുകോണം എന്ന സ്ഥലത്തുവച്ച് KL-16 W 1479 എന്ന ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തു എന്നാണ് ചെലാനിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ സമയത്ത് കിരൺ കടമ്പാട്ടുകോണത്തല്ല, തിരുവനന്തപുരം ആറ്റിങ്ങലിലെ തൻ്റെ വീട്ടിലാണ്. പിന്നീട് കിരൺ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പോയി വിവരം അന്വേഷിച്ചു. കൺട്രോൾ റൂമിൽ നേരിട്ട് പോകണമെന്നായി പൊലീസ്. ഇതിനിടെ ആറ്റിങ്ങൽ ആർടിഒയിൽ ചോദിച്ചപ്പോൾ പട്ടം കൺട്രോൾ റൂമിൽ പോകണമെന്ന് നിർദ്ദേശം ലഭിച്ചു. ഇതിനിടെ 24 വെബ് ഡെസ്കിൽ നിന്ന് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അന്വേഷിച്ചു. വാഹന നമ്പറിൻ്റെ ഒരക്കം മാറിപ്പോയതാണെന്നായിരുന്നു കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിശദീകരണം.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ കിരണിൻ്റെ പേരിലാണ് ചെലാൻ എത്തിയത്. ഇതോടൊപ്പം ഹെൽമറ്റില്ലാതെ വാഹനം ഓടിക്കുന്ന ഒരാളുടെ ട്രാഫിക് ക്യാമറ ചിത്രവുമുണ്ട്. എന്നാൽ, ഇത് താനല്ലെന്നും വണ്ടി തൻ്റേതല്ലെന്നും കിരൺ പ്രതികരിച്ചു.
“കടമ്പാട്ടുകോണം എന്ന സ്ഥലത്തുവച്ചാണ് സംഭവം നടന്നത്. ഫോട്ടോ എൻ്റേതല്ല, വണ്ടിയുമല്ല. ഞാൻ ഇന്ന് കാലത്ത് എവിടെയും പോയിട്ടില്ല. വണ്ടി നമ്പർ മാറിപ്പോയതാണെന്ന് തോന്നുന്നു.”- കിരൺ പറഞ്ഞു. ഇന്ന് രാവിലെയാണ് 500 രൂപയുടെ ചെലാൻ വന്നതെന്ന് കിരൺ പറയുന്നു അതില് പണമടക്കാൻ ഒരു ലിങ്കുണ്ടായിരുന്നു. ലിങ്ക് ഓപ്പൺ ചെയ്തപ്പോൾ ഹെൽമറ്റ് ഇല്ലാതെ വണ്ടിയോടിച്ചു എന്നതാണ് ഫൈൻ. ഇന്നാണ് ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചു എന്ന് പറയപ്പെടുന്ന തീയതി. അടുത്തുള്ള പൊലീസ് സ്റ്റേഷൻ കല്ലമ്പലത്തായിരുന്നു. അങ്ങനെ കല്ലമ്പലം സ്റ്റേഷനിലേക്ക് കിരൺ വിളിച്ചു. വിളിച്ചപ്പോൾ നേരിട്ട് ചെല്ലണമെന്നായി. അങ്ങനെ സ്റ്റേഷനിലെത്തി എസ് ഐയുമായി സംസാരിച്ചപ്പോൾ കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് അയച്ചതാണെന്നും നേരിട്ട് വെഞ്ഞാറമൂടോ പട്ടത്തോ കൺട്രോൾ റൂമിൽ ചെല്ലാനും പറഞ്ഞു. എവിടെ പോകണമെന്ന് തീരുമാനിക്കാൻ ആറ്റിങ്ങൽ ആർടിഒയെ വിളിച്ചപ്പോൾ പട്ടത്ത് പോകണമെന്ന് പറഞ്ഞു.”- കിരൺ പറയുന്നു. വാഹനത്തിൻ്റെ വിവരങ്ങൾ നോക്കിയപ്പോൾ ക്യാമറയിൽ പതിഞ്ഞത് സ്പ്ലെൻഡർ ബൈക്കാണെന്ന് തോന്നുന്നു എന്ന് കിരൺ പറഞ്ഞു. കിരണിൻ്റെ വാഹനം റോയൽ എൻഫീൽഡാണ്.
വാഹന നമ്പർ തെറ്റിപ്പോയതാണെന്ന് തിരുവനന്തപുരം റൂറൽ പൊലീസ് കൺട്രോൾ റൂം പ്രതികരിച്ചു. ടൈപ്പ് ചെയ്തപ്പോൾ KL-16 W 1479 എന്ന നമ്പർ KL-16 W 1419 എന്ന് മാറിപ്പോയതാണെന്നും ചെലാൻ പിൻവലിക്കുമെന്നും കൺട്രോൾ റൂം പറഞ്ഞു.