സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് അതിശക്തമായ മഴയാണ്. അരുവിക്കര ഡാം ഷട്ടർ തുറന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി. മത്സ്യ തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തില്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്.
കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോടും കനത്ത മഴ പെയ്യാനിടയുണ്ട്. കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം കയറി. കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. നാളെ അർധരാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് തീരത്ത് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയുണ്ടാകാൻ സാധ്യതയുണ്ട്. വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടി.