കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. കോഴിക്കോട് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.
നിസർഗ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങളുമായി മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകളും കേന്ദ്രസർക്കാരും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. നാളെ കാറ്റ് തീരത്തെത്തുമ്പോൾ 100 കിലോമീറ്റർ വേഗത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലവർഷത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമാകാനും, മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കത്തിനും, മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീര പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ കർശന നിരോധനം തുടരുകയാണ്. പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അപ്പോൾ മുതൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിസർഗ ചുഴലിക്കാറ്റിനെ നേരിടാൻ ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ തീര മേഖലകളെയാണ് ചുഴലിക്കാറ്റ് ബാധിക്കുക. മുംബൈയിൽ നിന്ന് 690 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം ശക്തമായിരിക്കുന്നത്. കാറ്റ് തീരം തൊടുമ്പോൾ 90 മുതൽ 150 വരെ കിലോമീറ്റർ വേഗത ഉണ്ടാക്കാം. പലയിടങ്ങളിലും മഴ ആരംഭിച്ചു. താഴ്ന്നപ്രദേശങ്ങളിൽ ഉള്ളവരെയെല്ലാം മാറ്റിപ്പാർപ്പിച്ചു. സിന്ധുദുർഗ്, രത്നഗിരി, താനെ മുംബൈ, പാൽ ഗഡ് എന്നീ പ്രദേശങ്ങളെയാണ് സാരമായി ബാധിക്കുക. ഈ പ്രദേശങ്ങളിലായി എൻഡിആർഎഫിന്റെ 18 സംഘത്തെ വിന്യസിച്ചു.
അറബിക്കടൽ പ്രക്ഷുബ്ധം ആയതിനാൽ ജൂൺ 4 വരെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ എൻഡിആർഎഫ്, എന്‍സിഎംസി സംഘവുമായും മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.