India Kerala

തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി.

കന്യാകുമാരിക്ക് മുകളിലായി തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദമാണ് അറബിക്കടലിലേക്ക് നീങ്ങുകയും തീവ്രന്യൂനമര്‍ദമായി മാറുകയും ചെയ്തത്.

തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ട്. 12 മുതല്‍ 21 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. നാളെ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കും ഓറഞ്ച് അലര്‍ട്ടുണ്ട്. അതിതീവ്ര മഴ ലഭിക്കാനിടയുള്ള ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്. കേരളതീരത്തോട് ചേര്‍ന്ന കടലില്‍ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കടലിലേക്ക് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ വിളിച്ചു.

തീരമേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.