India Kerala

ഫോണി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ഫോണി ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫോണിയുടെ സ്വാധീനം കാരണം കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുളില്‍ തീവ്ര ചുഴലിക്കാറ്റാകും. തുടര്‍ന്ന് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് അതി തീവ്രചുഴലിക്കാറ്റാകും. അടുത്തമാസം ഒന്നിന് വൈകുന്നേരത്തോടെ ഫോണി ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്നും നാളെയും ശക്തമായമഴയും കാറ്റുമുണ്ടാകും. ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്. ഒന്നര മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കണണെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്ക് രാത്രി യാത്രയും വിലക്കിയിട്ടുണ്ട്.