India Kerala

മഴ കനത്തതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയില്‍

മഴ ശക്തമായതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മലയോരമേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഇതോടെ മലങ്കരഡാമിന്റെ രണ്ട് ഷട്ടറുകളും ഭൂതത്താന്‍ കെട്ട് ഡാമിന്റെ 9 ഷട്ടറുകളും തുറന്നു. കോതമംഗലം കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ‌ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഉറയംപെട്ടി, വെള്ളാരംകുന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടനിലയിലാണ്. പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. താലൂക്കടിസ്ഥാനത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായതോടെ തീരദേശമേഖലകളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. ‌

ചെല്ലാനം മേഖലയില്‍ തീരസംരക്ഷണത്തിന് ജിയോ ബാഗുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ തന്നെ മഴ കനത്തതോടെ തീരദേശവാസികളും ആശങ്കയിലാണ്.