Kerala Weather

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലില്‍ മൽസ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. അറബിക്കടലില്‍ മൽസ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതുമാണ് കനത്ത മഴക്ക് കാരണം. ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യന്‍ തീരത്തോട് അടുക്കുന്നതോടെ കാറ്റിന്റെയും മഴയുടെയും ശക്തി വര്‍ധിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ 12‌ മുതല്‍ 21 സെ.മീ വരെ മഴ പെയ്യാനിടയുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട്. കടൽ അതിപ്രക്ഷുബ്ധമായതിനാൽ മൽസ്യ ബന്ധനത്തിന് പോകരുത്. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നു. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നിസര്‍ഗ ഇന്ന് ആഞ്ഞടിക്കും

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി. ശക്തമായ മഴയാണ് നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് 120 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നിസർഗ ചുഴലിക്കാറ്റായി കര തൊടും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുബൈ വിമാനത്താവളത്തിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊങ്കൺ പാതയിലൂടെയുള്ള സ്പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.