സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകും. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ – പശ്ചിമ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കിയില്‍ ഇന്നും അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 11 മുതല്‍ 20 സെന്‍റീമീറ്റര്‍ മഴക്ക് സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാസര്‍കോട്, വയനാട്, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു..
കനത്ത മഴക്കൊപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശാനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്‍റെയും ഭൂതത്താന്‍കെട്ട് ബാരേജിന്‍റെയും ഷട്ടറുകള്‍ ഉയര്‍ത്തി. തൊടുപുഴയില്‍ ഇന്നലെ 12 സെന്‍റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദം ആയതായി കാലാവസ്ഥാനിരീക്ഷ കേന്ദ്രം അറിയിച്ചു. ഇത് കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറും. നാളെ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടേക്കും. ജൂണ്‍ നാല് വരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.