മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്ന് കനത്ത മഴ. ഇന്ന് ഏഴ് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് മഴക്ക് കാരണം. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമാകുമെന്നാണ് പ്രവചനം. ഇന്നും നാളെയും പലയിടങ്ങളിലും 20 സെന്‍റീമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും. എന്‍.ഡി.ആര്‍.എഫിന്‍റെ നാല് കമ്പനി സേനയെയാണ് വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടി നരസി മുക്കിലും പത്തനംതിട്ട കലഞ്ഞൂരിലും മണ്ണിടിച്ചിലുണ്ടായി. ആലപ്പുഴയില്‍ കനത്ത മഴയില്‍ കുട്ടനാട്ടില്‍ ബണ്ടുകള്‍ പൊട്ടി പാടങ്ങളില്‍ വെള്ളം കയറുന്നുണ്ട്. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്റീ മീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. മണിയാര്‍ ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. തൃശൂരില്‍ ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ രാവിലെ വോട്ടെടുപ്പ് പ്രതിസന്ധിയിലായി. പല ബൂത്തുകളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. നിലവില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.