മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്തമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കൊച്ചിയിലും കൊല്ലത്തും പലയിടങ്ങളും വീടുകളില്‍ വെള്ളം കയറി. സ്ഥിതിഗതികൾ ഓരോ നിമിഷവും നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍മാര്‍ അറിയിച്ചു.
സംസ്ഥാനത്ത് കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പ്രതിസന്ധിയിലായി. പല ബൂത്തുകളിലും വെള്ളം കയറി വോട്ടെടുപ്പ് വൈകുകയാണ്. സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.